A poem on resilience
ഇന്നലെ
ഞാനിവിടെ, ഈ വഴിയിൽ
നിൽക്കുമ്പോൾ
തിരക്കുകളെല്ലാം
പോയിരുന്നു.
ആളുകൾ
വഴിയൊഴിഞ്ഞിരുന്നു
നിറയെ വണ്ടികളോടിയിരുന്ന
ഈ റോഡിൽ
ചെളി
തളം കെട്ടി
നിന്നിരുന്നു.
പ്രളയമായിരുന്നു
മഹാപ്രളയം.
ഇന്നു വീണ്ടും
വണ്ടികളോടുന്നു,
ചെളിയുമുണങ്ങി,
നടപ്പാത
ടൈലുകളാൽ
നടയോഗ്യമായി
ആൾത്തിരക്കുമുണ്ട്.
നാളത്തെ പ്രളയം
അതു
നാളത്തെ കാര്യം.
ഇന്നലത്തേതിന്നല -
ത്തേതുമെന്ന്
ടൈലുകൾക്കിപ്പുറം
വളരാനൊരുങ്ങുന്ന
കൊന്നയ്ക്കടിയിലൊരു
കൊച്ചു
തുമ്പപ്പൂ ചിരിക്കുന്നു